Thursday 9 March 2017

Devasth vili

ദേവാസ്ത് വിളി
- എം.എസ്. അഗസ്റ്റിന്‍
 
 ദേവാസ്ത് വിളിയുടെ നിറവില്‍ നോമ്പുകാലം
 
നെട്ടൂരിലെ ദേവാസ്ത് സംഘം ദേവാസ് വിളിക്കുന്നു

ഒരു കാലത്ത് കേരളത്തിലെ തീരപ്രദേശങ്ങളില്‍നിന്നും ഉച്ചസ്ഥായിയിലുള്ള ദേവാസ്ത് ഗീതങ്ങളുടെ ആലാപനം ഒഴുകിവന്നിരുന്നു. വലിയ നോമ്പുകാലരാത്രികളുടെ നിശ്ശബ്ദതയിലൂടെ ആ ഗീതങ്ങള്‍ നാടുമുഴുവന്‍ പരന്നിരുന്നു. ഭയഭക്തികളോടെയാണ് ആ ഗീതങ്ങളെ, ദേവാസ്ത് വിളിയെ ആളുകള്‍ ശ്രവിച്ചിരുന്നത്.

നാല്പതുനോമ്പാരംഭിക്കുന്ന വിഭൂതി ബുധനാഴ്ച ക്രൈസ്തവ അനുഷ്ഠാന കലാരൂപമായ ദേവാസ്ത് വിളി ആരംഭിക്കുന്നു. ദേവാസ്ത വിളി, ദേവാസ് വിളി, ദേവാസ വിളി എന്നൊക്കെ ഈ പ്രാര്‍ത്ഥന ഗീതം അറിയപ്പെടുന്നു. ചവിട്ടുനാടകം പോലെ പോര്‍ച്ചുഗീസ് മലയാള പാരമ്പര്യമാണ് ഇതിനുമുള്ളത്. എന്നാല്‍ പോര്‍ച്ചുഗീസുകാര്‍ വരുന്നതിനു മുമ്പുതന്നെ ദേവാസ്ത് വിളിയുടെ പ്രാഗ്‌രൂപം കേരളത്തിലുണ്ടായതായും പറയപ്പെടുന്നു. ദേവാസ്ത്‌ വിളിക്കുന്നത് പ്രധാനമായും ലത്തീന്‍ കത്തോലിക്കരാണ്. 

വിശുദ്ധ ഫ്രാൻസിസ് സേവ്യർ

16-ാം നൂറ്റാണ്ടില്‍ ദേവാസ്ത്‌വിളി ആരംഭിച്ചുവെന്ന് കരുതുന്നു.  അക്കാലത്ത് കൊച്ചിയില്‍ വെച്ച് വി. ഫ്രാന്‍സീസ് സേവ്യറാണ് പോര്‍ച്ചുഗീസ് ഭാഷയില്‍ ദേവാസ്ത് ഗീതങ്ങള്‍ എഴുതിയത്. ഇത്  പിന്നീട് മലയാളത്തിലേക്കും, തമിഴിലേക്കും പരിഭാഷപ്പെടുത്തുകയുണ്ടായി. മലയാളത്തില്‍ രണ്ടു പരിഭാഷകളുണ്ട്. സംസ്‌കൃത പദങ്ങള്‍ ധാരാളമുള്ള മലയാള ദേവാസ്ത് ഗീതം. ഈ ഗീതത്തെ സംസ്‌കൃത ദേവാസ്ത്  അഥവാ വലിയ ദേവാസ്ത് എന്നു പറയുന്നു. രണ്ടാമത്തേത് തനി  മലയാള പദങ്ങള്‍ നിറഞ്ഞ മലയാള ദേവാസ്ത് അഥവാ  ചെറിയ ദേവാസ്താണ്.

നെട്ടൂര്‍ സംഘം  ദേവാസ്ത് വിളിക്കുന്ന സ്ഥലത്തേക്ക് നീങ്ങുന്നു

വിളിക്കുന്ന രീതി   

വളരെ ഉയര്‍ന്ന സ്വരത്തില്‍ രാത്രിയിലാണ് ദേവാസ്ത് വിളിക്കുന്നത്. ദേവാസ്ത്‌ സംഘം വിളിക്കുവാനുള്ള സ്ഥലത്തേക്ക് വരിവരിയായി നടന്നുനീങ്ങുന്നു. മുമ്പില്‍ നടക്കുന്നയാളുടെ കൈയില്‍ കത്തിച്ചമെഴുകുതിരി പിടിച്ചിരിക്കും. അതിനു പിന്നില്‍ കുരിശ് തോളില്‍ചുമന്നുകൊണ്ട് മറ്റൊരാള്‍. അവര്‍ക്ക് പിന്നാലെ സംഘത്തിലെ മറ്റുള്ളവര്‍. ആ യാത്ര ദേവാസ്ത് വിളിക്കുന്ന സ്ഥലത്ത് എത്തുന്നു.

 നിലത്ത് മണ്ണില്‍ നിറുത്തിയ മരക്കുരിശില്‍ കൈകള്‍ പിടിച്ച് സംഘാംഗങ്ങള്‍ മുട്ടിന്മേല്‍ നില്ക്കുന്നു. തുടര്‍ന്ന് കൈമണി കിലുക്കുന്നു. "സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവെ..., നന്മനിറഞ്ഞ മറിയമെ..., ത്രീത്വസ്തുതി" എന്നീ പ്രാര്‍ത്ഥനകള്‍ക്കുശേഷം ദേവാസ്ത് വിളി ആരംഭിക്കുന്നു.

43 ഈരടികളാണ് സംസ്‌കൃത ദേവാസ്ത് ഗീതത്തിലുള്ളത്. ദേവാസ്ത് ഗീതത്തിലെ

ആദ്യ ഈരടി ഒരാള്‍ ചൊല്ലുന്നു. തുടര്‍ന്നുള്ള ഈരടികള്‍ സംഘത്തിലെ ഓരോരുത്തരായി മാറിമാറി ചൊല്ലി ദേവാസ്ത്‌ വിളി പൂര്‍ത്തിയാക്കുന്നു. നാല് ഈരടി വിളികള്‍ക്കുശേഷം  "സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവെ..., നന്മ നിറഞ്ഞ മറിയമെ..., ത്രീത്വസ്തുതി" എന്നീ പ്രാര്‍ത്ഥനകള്‍ ചൊല്ലുന്നു. ഈ പ്രാര്‍ത്ഥനകള്‍ ആരംഭിക്കുന്നത് കൈമണി മൂന്നുതവണ അടിച്ചുകൊണ്ടാണ്. ഓട്ടുമണിയാണ് ഇതിനായി സാധാരണ ദിവസങ്ങളില്‍ ഉപയോഗിക്കുന്നത്. വിശുദ്ധവാരത്തില്‍ ഓട്ടുമണിക്കു പകരം മരമണി ഉപയോഗിക്കുന്നു. 

ഓട്ടുമണി

മരമണി

പ്രതിപാദ്യം

യേശുക്രിസ്തുവിനെ സ്തുതിച്ചുകൊണ്ടാണ് ആദ്യ ഈരടികള്‍ തുടങ്ങുന്നത്.

പാവനാ പരിപൂര്‍ണ്ണ പുണ്യ പൂരമേ

മനുഷ്യാവനത്തിനു ദൈവം കല്പിച്ച കാരുണ്യാബ്ദേ.

മര്‍ത്ത്യ ജാതികള്‍ക്കായ് മനുജകാരം പൂണ്ട്

പൃഥ്വിയില്‍ അവതാരം ചെയ്ത കര്‍ത്താവെ ജയാ...

തുടര്‍ന്ന് ഗഥ്സേമിന്‍ തോട്ടത്തിലെ ഈശോയുടെ പ്രാര്‍ത്ഥനയും പീഢാനുഭവങ്ങളും കുരിശുമരണവും ഉയിര്‍പ്പും പ്രതിപാദിക്കുന്ന വരികളാണ് അലപിക്കുക. അന്ത്യവിധിയെയും  മനുഷ്യരുടെ ജീവിതമനുസരിച്ച് അവര്‍ക്ക്  ലഭിക്കുന്ന  സ്വര്‍ഗനരകങ്ങളെയും കുറിച്ചുമാണ്  തുടര്‍ന്ന് ആലപിക്കുന്നത്. ദേവാസ്ത് വിളി സമാപനവരികള്‍ക്ക് ജപമാലയുടെ സമാപനത്തിനോട് ഏതാണ്ട് സാമ്യമുണ്ട്.

ഭൂലോക പാപഹീനം ചെയ്ത ദൈവികസൂനോ

ഈ ലോകവാസികളെ അനുഗ്രഹിക്കണമേ... എന്ന് മൂന്നു പ്രാവശ്യം ഓരോരുത്തരായി ആലപിക്കുന്നു. തുടര്‍ന്ന് സര്‍വ്വ വല്ലഭാ, ദൈവസുതനീശോ, നമോ നമഃ... എന്ന് വിളിക്കാര്‍ എല്ലാവരുംകൂടി ഒരുമിച്ച് ആലപിച്ചുകൊണ്ട് വലിയ ദേവാസ്ത് വിളി അവസാനിക്കുന്നു

അമ്പതോളം വരികളുള്ള മലയാളം ദേവാസ്ത് ഗീതം വിശുദ്ധ കുര്‍ബ്ബാനയെയും പരിശുദ്ധ കന്യാമറിയത്തെയും അഭിവാദ്യം ചെയ്തുകൊണ്ടാണ് ആരംഭിക്കുന്നത്.

ദൈവ കൂദാശയാകുന്ന ശുദ്ധമാന കുർബ്ബാനയ്ക്കും
ഉത്ഭവ ദോഷമെന്നിയൊ ജനിക്കപ്പെട്ടു
കന്നി മറിയത്തിന്റെ ദിവ്യമായ ജനനത്തിന്നു  

സ്തുതിയും വാഴും പുകഴുമാകട്ടെ...

തുടര്‍ന്ന് ജനങ്ങൾക്കും രാജാക്കന്മാർക്കും പ്രഭുക്കന്മാര്‍ക്കും ശുദ്ധമാന കത്തോലിക്ക റോമാ വിശ്വാസത്തിനും വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടുള്ള ആലാപനങ്ങളാണ്. അന്ത്യവിധിയെയും  സ്വര്‍ഗനരകങ്ങളെ കുറിച്ചും ചെറിയ ദേവാസ്തിലും പരാമാര്‍ശിക്കുന്നുണ്ട്.

 പട്ടാങ്ങയുടെ നാഥനെ കാരുണ്യം  

തന്റെ കാരുണ്യം ഞങ്ങൾക്കുണ്ടാകണമെ.. 

സകല നന്മയുടെ തമ്പുരാനെ... എന്ന്  പ്രാര്‍ത്ഥിച്ചുകൊണ്ട് ചെറിയ ദേവാസ്ത് വിളി അവസാനിക്കുന്നു.

ഏകദേശം ഇരുപത് മിനിട്ടോളം ദൈര്‍ഘ്യമുണ്ട് ദേവാസ്ത് വിളിക്ക്.   

വിശ്വാസം

ദൈവനാമത്തില്‍ ദുഷ്ടാരുപികളില്‍ നിന്നും വിടുതല്‍നല്‍കുന്ന ഒരു പ്രാര്‍ത്ഥനയായിട്ടാണ് ദേവാസ്ത് വിളിയെ പൊതുവെ കരുതുന്നത്. പണ്ട്കാലത്ത് ആള്‍പാര്‍പ്പില്ലാത്തതൊ ദുഷ്ടാത്മക്കളുടെ ശല്യമുള്ളതായി കരുതുന്ന പറമ്പുകളിലൊ പൈശാചിക ബാധയുള്ളതെന്നു കരുതുന്ന വീടുകളിലൊ ആയിരുന്നു ദേവാസ്ത് വിളി നടന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ സാധാരണവീടുകളിലും പള്ളികളിലും ദേവാസ്ത് വിളിക്കുന്നു.      

ആ കാലങ്ങളില്‍ രാത്രി വളരെ വൈകിയാണ് ദേവാസ്ത് ഗീതം ആലപിച്ചിരുന്നത്. മിക്കവാറും അര്‍ദ്ധരാത്രികളില്‍ തന്നെ. ഇത് ഒരുപക്ഷെ, പൈശാചികശക്തികള്‍ ഇറങ്ങുന്നുവെന്നു കരുതുന്ന ഒരു സമയവുമാണല്ലൊ. എത്ര ദൂരെയാണെങ്കിലും നടന്നുപോയി തന്നെയാണ് ദേവസ്ത് വിളിച്ചിരുന്നത്. ദേവാസ്ത് വിളിക്കാന്‍ പോകുമ്പോഴും വിളിച്ച് തിരികെ വരുമ്പോഴും സംസാരിക്കുകയൊ പുറകിലേക്ക് തിരിഞ്ഞ് നോക്കുകയൊ ചെയ്യില്ല. അങ്ങിനെചെയ്താല്‍ പൈശാചികശക്തികള്‍ ദേവാസ്ത് വിളിയെ തടസ്സപ്പെടുത്തുകയൊ വിളിക്കാരെ ഉപദ്രവിക്കുമെന്നൊ കരുതിയിരുന്നു.

എന്നാല്‍ ഇപ്പോള്‍ അത്ര കര്‍ശനമായി ഇതൊന്നും പാലിക്കാറില്ല. ദേവാസ്ത് വിളിക്കുന്ന സ്ഥലം ദൂരെയാണെങ്കില്‍, ടൂവീലറുകളിലൊ കാറിലോ പോകും. ദേവാസ്ത് വിളി ആരംഭിച്ചാല്‍ മുഴുവനും വിളിച്ചുതീരാതെ നിറുത്തുവാന്‍ പാടില്ലെന്ന് നിര്‍ബ്ബന്ധമാണ്. പലപ്പോഴും ദേവാസ്ത് വിളിച്ചുകൊണ്ടിരിക്കുമ്പോള്‍ തുടങ്ങുന്ന പെരുംമഴയത്തും വലിയകാറ്റിലും വിളി നിറുത്താതെ  തുടര്‍ന്ന അനുഭവങ്ങള്‍ ഈ ലേഖകനുണ്ട്.

 പദോല്പത്തിയും അര്‍ത്ഥവും  
ഭക്തി  എന്ന് അര്‍ത്ഥമുള്ള ''ദെവോവോസിയോ''(Devovotio) എന്ന ലത്തീന്‍ പദത്തിന്റെ ചുരുങ്ങിയ രൂപമായ ''ദേവോസിയോ'' (Devotio) എന്ന പദത്തില്‍നിന്നുമാണ് 'ദേവാസ്ത' എന്ന പദത്തിന്റെ ഉത്ഭവം. വാഗ്ദാനം ചെയ്യുക, ശപഥം ചെയ്യുക, സമര്‍പ്പിക്കുക  എന്നൊക്കെയാണ് ഇതിന്റെ അര്‍ത്ഥം.

പോര്‍ച്ചുഗീസ് ഭാഷയിലെ തത്തുല്യ പദമാണ് ''ദേവോസാം'' (Devoção) എന്നത്. ഭക്തി, ഭക്ത്യാഭ്യാസം എന്നിങ്ങനെ അര്‍ത്ഥമുള്ള ഈ വാക്കില്‍ നിന്നും 'ദേവോതേ' (Devotão) എന്ന രൂപവും ഈ പദത്തില്‍ നിന്നും മലയാളത്തില്‍  'ദേവാസ' 'ദേവാസ്ത', 'ദേവോസ', എന്നിങ്ങനെയുള്ള രൂപങ്ങളും ഉണ്ടായി. നശിപ്പിക്കുക, ഒഴിപ്പിക്കുക എന്നര്‍ത്ഥം വരുന്ന പോര്‍ച്ചുഗീസ്‌ വാക്കാണ് ''ദേവാസ്ത'' (Devasta). ഉറക്കെ വിളിച്ചു പറയുന്നതിനാല്‍ വിളിയെന്ന പേര് കൂട്ടിചേര്‍ക്കപ്പെട്ടു. (കടപ്പാട്: ‘ക്രൈസ്തവ ശബ്ദകോശം – ഡോ. ജോര്‍ജ് കുരുക്കൂര്‍, പി.ഒ.സി. പ്രസിദ്ധീകരണം, 2002). 

നെട്ടൂര്‍ ദേവാസ്ത് സംഘം

ദേവാസ്ത് വിളിയില്‍ വരാപ്പുഴ അതിരൂപതയിലെ നെട്ടൂരിന് പതിറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്. വെണ്ടുരുത്തിയില്‍ ദേവാസ്ത് വിളിച്ചിരുന്നവരുടെ  തുടര്‍ച്ചയാണ് നെട്ടൂരിലെ ദേവാസ്ത് സംഘം. പരേതനായ പി.സി. വര്‍ഗീസ് പനക്കല്‍ ആശാനും ശിഷ്യന്മാരുമാണ് നെട്ടൂരില്‍  ദേവാസ്ത് വിളി ആരംഭിച്ചത്. വെണ്ടുരുത്തിലെ ദേവാസ്ത് വിളിക്കാരനായിരുന്നു വര്‍ഗീസ് ആശാന്‍. 1942-44 കാലത്ത് കൊച്ചി നേവല്‍ ബെയ്സിന് സ്ഥലമേറ്റെടുത്തതിനെ തുടര്‍ന്ന് വെണ്ടുരുത്തിയില്‍ നിന്നും കുടിയൊഴിപ്പിക്കപ്പെട്ട 250 ലേറെ ലത്തീന്‍ കത്തോലിക്കാ കുടുംബങ്ങളോടൊപ്പം വര്‍ഗീസ് ആശാനും നെട്ടൂരില്‍ താമസമാക്കി. വരാപ്പുഴ അതിരൂപതയിലെ നെട്ടൂര്‍ ഇടവക ആരംഭിച്ചത് വെണ്ടുരുത്തിയില്‍ നിന്നും കുടിയേറിയവരാണ്. 
പി.സി. വര്‍ഗീസ്

വര്‍ഗീസ് ആശാന്റെ ശിഷ്യന്മാരായ ഇപ്പോഴത്തെ സംഘത്തെ  ടി.എസ്. ജോസഫ്, തട്ടാശ്ശേരി നയിക്കുന്നു. വിഭൂതി ബുധനാഴ്ച നെട്ടൂര്‍ വിശുദ്ധ കുരിശിന്റെ ദേവാലയനടയില്‍വെച്ച് ദേവസ്ത് വിളി ആരംഭിക്കുന്നു. തുടര്‍ന്നുള്ള വിളി ബുധന്‍, വെള്ളി ദിവസങ്ങളിലാണ്. വിശുദ്ധവാരത്തില്‍ മൂന്നു വിളികളാണുള്ളത്. പെസഹാ വ്യാഴാഴ്ചത്തെ ദേവാസ്ത് വിളി സെമിത്തേരിയിലാണ്. ദുഃഖവെള്ളിയാഴ്ച ഇടവകപ്പള്ളിയായ നെട്ടൂര്‍ വിമലഹൃദയ ദേവാലയത്തിലെ വിളിയോടുകൂടി ആ വര്‍ഷത്തെ ദേവാസ്ത് വിളി സമാപിക്കുന്നു.നെട്ടൂര്‍ ദേവാസ്ത്‌ സംഘം സംസ്‌കൃതം, മലയാളം, തമിഴ് ഭാഷകളിലുള്ള ദേവാസ്തു ഗീതങ്ങള്‍ വിളിച്ചിട്ടുണ്ട്. ഇപ്പോള്‍ വിളിച്ചുകൊണ്ടിരിക്കുന്നത് സംസ്‌കൃത ദേവാസ്താണ്. 

ടി.എസ്. ജോസഫ്

വരാപ്പുഴ അതിരൂപത ശതോത്തര ജൂബിലിയുടെ ഭാഗമായി കൊച്ചിന്‍ ആര്‍ട്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ (സി.എ.സി. എറണാകുളം) 2012 സെപ്തംബര്‍ 22 മുതല്‍ 30 വരെ സെന്റ് ആല്‍ബര്‍ട്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍വെച്ച് നടത്തിയ 'അമ്മമരം' ലൈറ്റ് ആന്റ് സൗണ്ട് ഷോയില്‍  നെട്ടൂര്‍ സംഘം ദേവാസ്ത് വിളി അവതരിപ്പിക്കുകയുണ്ടായി.  

കൊച്ചിന്‍ സി.എ.സി. യുടെ അമ്മമരം ലൈറ്റ് & സൗണ്ട് ഷോയില്‍
നെട്ടൂര്‍ ദേവാസ്ത് സംഘം ദേവാസ്ത് വിളിക്കുന്നു

ലിയൊ തദേവൂസ് സംവിധാനം ചെയ്ത പന്ത്രണ്ട് എന്ന സിനിമയില്‍ (2022) ദേവാസ്ത് ഗീതങ്ങള്‍ ആലപിച്ചിരിക്കുന്നത് നെട്ടൂര്‍ ദേവാസ്ത് സംഘമാണ്.

അങ്കമാലി വി. യൂദാതദേവൂസ് ദേവാലയം, മട്ടാഞ്ചേരി  കുരിയച്ചന്‍ കപ്പേള, അമ്പലമുകള്‍ സെന്റ് ജോസഫ് ദേവാലയം, മലയാറ്റൂര്‍ കുരിശടി, മാടവന സെന്റ് സെബാസ്റ്റിന്‍ ദേവാലയം തുടങ്ങിയ ദേവാലയങ്ങളിലും, കൂനമ്മാവ്,  തമ്മനം, മരട്, തൈക്കൂടം, തേവര, കോന്തുരുത്തി, കുമ്പളങ്ങി, എരമല്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ വീടുകളിലും നെട്ടൂര്‍ ദേവാസ്ത് സംഘം ദേവാസ്ത് വിളിച്ചിട്ടുണ്ട്. 

ഇപ്പോഴും നമ്മുടെ നാട്ടില്‍ പലയിടങ്ങളിലായി ദേവാസ്ത് വിളിക്കുന്നുണ്ടെങ്കിലും സാവധാനം ഇല്ലാതെയായികൊണ്ടിരിക്കുന്ന ഒരു കലാരൂപമാണ് ദേവാസ്ത് വിളി. തമിഴ് ദേവാസ്ത് ഗീതങ്ങള്‍ ഇപ്പോഴത്തെ തലമുറയ്ക്ക് മിക്കവാറും അന്യമായിരിക്കുന്നു. ഈ ക്രൈസ്തവ അനുഷ്ഠാന കലാരൂപത്തെ എന്നെന്നും നിലനിറുത്തുന്നതിനുള്ള ശ്രമങ്ങള്‍ ലത്തീന്‍ കത്തോലിക്കരില്‍തന്നെ വിരളമാണ്. ആലപ്പുഴ കൃപാസനത്തിന്റെ കീഴില്‍ നടക്കുന്ന ശ്രമങ്ങളെ മറന്നുകൊണ്ടല്ല ഇത് പറയുന്നത്.

ഇപ്പോള്‍ പരസ്പര ബന്ധമില്ലാത്ത പല സ്ഥലങ്ങളിലുമുള്ള ദേവാസ്ത് വിളി സംഘങ്ങളെ ഏകോപിപ്പിക്കുവാനുള്ള ശ്രമങ്ങള്‍ വേണം. അതുപോലെ തന്നെ വളരെ പ്രധാനപ്പെട്ട ഒന്നാണ് ദേവാസ്ത് വിളിയുടെ മേന്മയുള്ള ഓഡിയോ അവതരണം. യൂട്യൂബിലുടെയും മറ്റും അനവധി സംഘങ്ങളുടെ മലയാള, സംസ്കൃത ദേവാസ്ത് വിളികള്‍ കേള്‍ക്കാവുന്നതാണ്. എന്നാല്‍ പ്രൊഫഷണല്‍ ടെച്ചുള്ള വിളികള്‍ ഇപ്പോഴും ലഭ്യമല്ലെന്നുള്ളതാണ് വാസ്തവം. ദേവാസ്ത് വിളി നിലനില്ക്കുകയും ഭാവി തലമുറയ്ക്ക് അതിനെക്കുറിച്ച് അറിയുവാനുള്ള അവസരങ്ങള്‍ ലഭിക്കുകയും വേണം. കെ.ആര്‍.എല്‍.സി.സിയുടെയും കൊച്ചിന്‍ ആര്‍ട്സ് ആന്റ് കമ്മ്യുണിക്കേഷന്‍ പോലുള്ള പ്രസ്ഥാനങ്ങളുടെയും പ്രോത്സാഹനങ്ങള്‍ അതിന് സഹായകരമായിരിക്കും.  

   ദേവാസ്ത്‌ ഗീതം

ദേവാസ്ത്‌വിളി ഗീതത്തിലെ ഏതാനും വരികള്‍ താഴെ കൊടുക്കുന്നു. വിസ്താരഭയത്താല്‍ മുഴുവന്‍ വരികളും ഇവിടെ കൊടുക്കുവാന്‍ നിവൃത്തിയല്ല.

ദേവാസ്ത് ഗീതങ്ങള്‍ പൂര്‍ണ്ണമായി വായിക്കുവാന്‍ താഴെ അവയുടെ ലിങ്ക് നല്കിയിട്ടുണ്ട്.

 വലിയ ദേവാസ്ത് അഥവാ സംസ്കൃത ദേവാസ്ത്

ആരംഭ വരികൾ

01. പാവനാ പരിപൂർണ്ണ പുണ്യപൂരമേ മനുഷ്യാ

വനത്തിനു ദൈവം കല്പിച്ച കാരുണ്യാബ്ദേ.

02. മർത്ത്യ ജാതികൾക്കാ‍യ് മനുജകാരം പൂണ്ട്

പൃത്വിവിൽ അവതാരം ചെയ്ത കർത്താവെ ജയാ.

03. ആശുകാകാശങ്ങളും ഭൂമിയും ജലങ്ങളും മാശു

ശുഷ്കണിയതും തഥാ ദിനങ്ങളല്ലോ.

04. അങ്ങിനേയുള്ള പരാൽ പരമേ ജഗൽ നാഥാ

മംഗളാം കൃതേ ചിത്രേ ചരിത്രേ നമോ നമോ.

05. ചെന്നാക്കോലെന്ന സ്ഥലേവെച്ചു താൻ നമുക്കായി

തന്നരുളിയൊരു വിശുദ്ധ കുർബ്ബാനയ്ക്കും.

06. മന്നിലെ ജന്മപാപമൊഴിച്ചു ജനിച്ചൊരു

കന്യകാ ഉത്ഭവത്തേയും സന്തതം സ്തുതിക്കുന്നു

മണി. . . . ., നന്മ നിറഞ്ഞ മറിയമെ . . . . . . . . . .

(ആരംഭവരികള്‍ കേള്‍ക്കുവാന്‍ ഇവിടെ click ചെയ്യുക)

 അവസാന വരികൾ

42. ഭൂലോക പാപഹീനം ചെയ്ത ദൈവികസൂനോ. ( മണി . ) 

ഈ ലോകവാസികളെ അനുഗ്രഹിക്കേണമെ.

43. സർവ്വ വല്ലഭാ... ദൈവസുതനീശോ നമോ നമ:

മണി. . . . ., സ്വർഗസ്ഥനായ . . ., നന്മ നിറഞ്ഞ . . ., ത്രീത്വ സ്തുതി.

(അവസാനവരികള്‍ കേള്‍ക്കുവാന്‍ ഇവിടെ click ചെയ്യുക)

 ചെറിയ ദേവാസ്ത് അഥവാ മലയാളം ദേവാസ്ത്

ആരംഭ വരികൾ

1. ദൈവ കൂദാശയാകുന്ന ശുദ്ധമാന കുർബ്ബാനയ്ക്കും

2. ഉത്ഭവ ദോഷമെന്നിയൊ ജനിക്കപ്പെട്ടു

3. കന്നി മറിയത്തിന്റെ ദിവ്യമായ ജനനത്തിന്നു സ്തുതിയും വാഴും പുകഴുമാകട്ടെ.

4. പട്ടാങ്ങയുടെ നാഥനാകുന്ന ഈശോ കർത്താവിന്റെ

5. ശുശ്രൂഷികളാകുന്ന വിശ്വാസകാരമെ.

6. വെസ്പുക്കാന എന്ന ശിക്ഷയിടത്തിൽ വസിക്കുന്ന ആത്മാവുകളെ ഓർക്കണം നമ്മൾ
          7.
ഒരാകാശങ്ങളിലിരിക്കുന്നതും ഒരു നന്മനിറഞ്ഞ മറിയവും എന്ന നമസ്കാരത്താലെ. 

8. അവർ സഹിക്കുന്ന മഹാ സങ്കടത്തിൽ നിന്നും
         
9. ഉടയതമ്പുരാൻ രക്ഷിച്ചു മോക്ഷം നൽകുവാനായിട്ട്
  (ആകാശങ്ങളിലിരിക്കുന്ന ഞങ്ങളുടെ ബാവ...)

 അവസാന വരികൾ

47. തന്റെ കാരുണ്ണ്യം ഞങ്ങൾക്കുണ്ടാകണമെ.. 

48. പട്ടാങ്ങയുടെ നാഥനെ കാരുണ്ണ്യം  

49. തന്റെ കാരുണ്ണ്യം ഞങ്ങൾക്കുണ്ടാകണമെ.. 

50. സകല നന്മയുടെ തമ്പുരാനെ.  

(സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവെ അങ്ങയുടെ നാമം പൂജിതമാകേണമെ... മണി...) 

ഇപ്പോഴത്തെ ദേവാസ്ത്‌ വിളി സംഘം നെട്ടൂര്‍ വിശുദ്ധ കുരിശിന്റെ ദൈവാലയ വികാരി ഫാ. ഷെറിന്‍ ചെമ്മായത്തിനൊപ്പം (ഇടത്തുനിന്നും വലത്തോട്ട് - ജോണ്‍ പോള്‍, ജോസഫ് ജൂഡ് (ജോജോ), ടി.എസ്. ജോസഫ്ആല്‍വിന്‍ മാര്‍ട്ടീന്‍, പി.വി. ജസ്റ്റിന്‍,  അലന്‍ പീറ്റര്‍, ആഷ്ബിന്‍ ആന്റണി, റോക്കി രഞ്ജു, എം.എസ്. അഗസ്റ്റിന്‍, ജെയ്ബി മാര്‍ട്ടീന്‍ ന്യൂനസ്,  കെ.പി. റോബര്‍ട്ട്.)

 ദേവാസ്ത്‌ വിളി സംഘം -2015


നെട്ടൂരിലെ ദേവാസ്ത് സംഘാംഗങ്ങള്‍. (ഇടത്തുനിന്നും വലത്തോട്ട്)  
ജോസഫ് ചിന്നുജിബി ജോര്‍ജ്, വിധുന്‍ ബാബു, ജോസഫ് ജൂഡ് (ജോജോ) 
ജോണ്‍ പോള്‍, പി.വി. സെലസ്റ്റിന്‍, അഗസ്റ്റിന്‍ തട്ടാശ്ശേരിടി.എസ്. ജോസഫ്, 
 സെബാസ്റ്റിന്‍ ജോര്‍ജ്, ജെയ്ബി ന്യൂനസ്,   രഞ്ജു ജോണ്‍
ആഷ്ബിന്‍ ആന്റണിപി.വി. ജസ്റ്റീന്‍, എം.എസ്. അഗസ്റ്റിന്‍. 




ദേവാസ്ത് വിളി സംഘം
നെട്ടൂര്‍, കൊച്ചി – 682 040 / 98 95 12 75 76

3 comments:

  1. Is it available in English

    ReplyDelete
  2. നിര്‍ഭാഗ്യവശാല്‍ കൊറോണ ലോക്ക്ഔട്ട് കാര​ണം ഈ നോമ്പുകാലത്ത് (2020) ദേവാസ്ത് വിളി മുഴുവനാക്കുവാന്‍ കഴിഞ്ഞില്ല. മാര്‍ച്ച് 20ന്, വെള്ളിയാഴ്ചയിലെ വിളിയോടുകൂടി ഈ വര്‍ഷത്തെ ദേവാസ്ത് വിളി അവസാനിച്ചു.

    ReplyDelete